ന്യൂദല്‍ഹി : ഇന്ത്യാ- പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട വിമാനത്താവളങ്ങല്‍ തുറന്നു. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നിവ കൂടാതെ ധര്‍മ്മശാല, ചണ്ഡീഗഢ്, ഡെറാഡൂണ്‍, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടങ്ങളില സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളുടേയും വ്യോമസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാവുന്ന സാഹചര്യത്തിലായിരുന്നു വിമാനത്താവളങ്ങള്‍ അടച്ചിട്ടത്. ഇതാണ് പിന്‍വലിച്ചത്. കൂടാതെ വടക്കേ ഇന്ത്യ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും, പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പും ഇതോടൊപ്പം ഇന്ത്യ പിന്‍വലിച്ചു.
എന്നാല്‍ പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇന്ത്യ റദ്ദാക്കി. ഒപ്പം, പാക്കിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകളുടെ വ്യോമപാത പാക്കിസ്ഥാന് മുകളിലൂടെയാണ്.
അതേസമയം, ഇന്ന്, പതിനൊന്നുമണിക്ക് ശേഷം ഈ വിമാനത്താവളങ്ങളില്‍ നിന്ന് ഒരു വിമാനങ്ങളും പറന്നുയര്‍ന്നിട്ടില്ല. ഇവിടേക്ക് വരാനിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു. ഈ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
















