ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ലക്ഷ്യമിടുന്ന ടോട്ടനത്തിനും മുന്‍ ചാമ്പ്യന്മാര്‍ ലെസ്റ്റര്‍ സിറ്റിക്കും തോല്‍വി. ടോട്ടനത്തെ ബേണ്‍ലി വീഴ്‌ത്തിയപ്പോള്‍ (2-1), ലെസ്റ്ററിനെ ക്രിസ്റ്റല്‍ പാലസ് തകര്‍ത്തു (4-1).
ബേണ്‍ലിക്കു മുന്നില്‍ ടോട്ടനം അടിപതറി. ക്രിസ് വുഡും (57) ആഷ്‌ലി ബാണ്‍സും ബേണ്‍ലിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍, ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയിന്‍ (65) ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടി. വില്‍ഫ്രഡ് സാഹായുടെ ഇരട്ടഗോള്‍ മികവിലാണ് ക്രിസ്റ്റല്‍ പാലസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മികച്ച രീതിയില്‍ മത്സരം ആരംഭിച്ച ലെസ്റ്ററിന് ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ മിച്ചി ബാറ്റ്ഷുവായിലൂടെ (40) ആദ്യ പ്രഹരം കിട്ടി. ലീഗില്‍ 27 മത്സരങ്ങള്‍ കളിച്ച ലെസ്റ്റര്‍ പത്തൊമ്പതാം തവണയാണ് ആദ്യം ഗോള്‍ വഴങ്ങുന്നത്. രണ്ടാം പകുതിയില്‍ ജോണി ഇവാന്‍സിലൂടെ (64) ലസ്റ്റര്‍ ഒപ്പം പിടിച്ചു. എന്നാല്‍, എഴുപതാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലും വില്‍ഫ്രഡ് സാഹ ലെസ്റ്ററിന്റെ അന്തകനായി. ബോക്‌സില്‍ ബാറ്റ്ത്സുവായെ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍റ്റി ലൂക്ക മിലിവോജവിക്കും ഗോളാക്കിയതോടെ ലെസ്റ്ററിന്റെ അന്ത്യം പൂര്‍ണം. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ലെസ്റ്ററിന്റെ ഏഴാം തോല്‍വിയാണിത്.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ ഹഡര്‍സ്ഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്‌ത്തി. ജോസ് സാല്‍മണ്‍ റണ്ടനും (46) അയോസ് പെരസും (52) സ്‌കോറര്‍മാര്‍. ക്ലബിന്റെ റെക്കോഡ് തുകയായ 21 മില്ല്യണ്‍ യൂറോയ്‌ക്ക് ടീമിലെത്തിച്ച വെനസ്വേലന്‍ മധ്യനിര താരം മിഗ്വേല്‍ അല്‍മിറോണാണ് മത്സരത്തിലെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ബേണ്‍മൗത്ത്-വോള്‍വ്‌സ് മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 27 മത്സരം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി 65 പോയിന്റുമായി ഒന്നാമത് തുടരുന്നു. ഒരു മത്സരം കുറച്ചു കളിച്ച ലിവര്‍പൂളിനും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമത്. 60 പോയിന്റുള്ള ടോട്ടനമാണ് മൂന്നാമത്.
















