വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഇരുപതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സിലൊതുങ്ങി. അവസാന പന്തു വരെ നീണ്ട പോരാട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 127 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായെത്തിയ ലോകേഷ് രാഹുലിന് (50) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മത്സരത്തില്‍ രാഹുല്‍ നേടിയ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ നൂറ് കടത്തിയത്.
രാഹുലിന് പുറമെ നായകന്‍ കോഹ്‌ലിക്കും (24) ധോണിക്കും (29) മാത്രമാണ് രണ്ടക്കം കാണാനായത്. ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ച് റണ്‍സോടെ തുടക്കത്തിലെ പുറത്തായി. മധ്യനിരയില്‍ ധോണിക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഋഷഭ് പന്ത് (മൂന്ന്), ദിനേശ് കാര്‍ത്തിക് (ഒന്ന്), ക്രുണാല്‍ പാണ്ഡ്യ (ഒന്ന്) എന്നിവര്‍ അമ്പേ പരാജയപ്പെട്ടു. മത്സരത്തില്‍ സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡയ്‌ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യ ഒരു ബാറ്റ്‌സ്മാനെ കുറച്ചാണ് കളത്തിലിറങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍ നഥാന്‍ കൗള്‍ട്ടര്‍നൈലാണ് ഇന്ത്യയെ തകര്‍ത്തത്. ജെയിസണ്‍ ബെന്‍ഡ്രോഫ്, ആദം സാമ്പാ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
















