കാസര്‍കോട്: പെരിയ കേല്യാട്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കൃപേഷിനെതിരെ ഫേസ്ബുക്കിലൂടെയുണ്ടായത് വന്‍ ഭീഷണി. ഇതിന്റെ തെളിവുകള്‍ പുറത്തായി. ‘ഇവന്‍ ആണ് കല്യോട്ടെ നേര്‍ച്ചക്കോഴി’, ‘ഓന്‍ ചാവാന്‍ റെഡി ആയി, ഇവിടെ എല്ലാവരും സെറ്റായി’ തുടങ്ങിയ ഭീഷണികളാണ് ഇപ്പോള്‍ കേസില്‍ അറസ്റ്റിലായ അശ്വിന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരുടെ ഫേസ്ബുക് അക്കൗണ്ടില്‍ നിന്ന് ഉണ്ടായത്.
പെരിയയിലെ സഖാക്കള്‍ എന്ന ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും സമാനരീതിയിലുള്ള ഭീഷണികളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കൃപേഷ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കല്യോട്ട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വെച്ച് ഇതിനെതിരെ പോസ്റ്റിട്ടു. ഈ പോസ്റ്റിനു കമന്റായി ‘ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി’ എന്നാണ് അശ്വിന്‍ കുറിച്ചത്. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വെച്ചുകൊണ്ടാണ് നിരവധി ഭീഷണികളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതുകൂടാതെ സിപിഎം അനുഭാവമുള്ള വിവിധ വാട്‌സ്ആപ്പ് കൂട്ടായ്‌മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
















