ന്യൂദല്‍ഹി: കോഹ്‌ലിയുടെ നേതൃത്വത്തില്‍ ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയ്‌ക്ക് ഇന്ത്യ ഇന്നിറങ്ങുന്നു. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും.
ഓസീസിനെ പരാജയപ്പെടുത്തി സ്വന്തം മണ്ണില്‍ വിജയക്കൊടി നാട്ടുകയെന്ന ദൗത്യത്തോടെയാകും കോഹ്‌ലിയും സംഘവും കളത്തിലിറങ്ങുക. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടത്തിയ മിന്നുന്ന പ്രകടനം സ്വന്തം മണ്ണില്‍ ആവര്‍ത്തിക്കേണ്ടതുണ്ട് ഇന്ത്യന്‍ ടീമിന്.
മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഫോമാകും ഇത്തവണയും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. ഹിറ്റ്മാന്‍ രോഹിത് ശര്‍മയും നായകന്‍ വിരാട് കോഹ്‌ലിയും തകര്‍ത്തടിച്ചാല്‍ ഇന്ത്യക്ക് വിജയം അനായാസം. മധ്യനിരയില്‍ ധോണിക്കൊപ്പം വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഇടംപിടിക്കുമെന്നാണ് സൂചന. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കുമൂലം വിശ്രമം അനുവദിച്ചതിനാല്‍ വിജയ് ശങ്കറിന് വീണ്ടും അവസരം ലഭിച്ചേക്കും. വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാകും ബൗളിങ് നിരയുടെ തുറുപ്പുച്ചീട്ട്.
മറുനിരയില്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷോണ്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓസീസിനായി അണിനിരക്കും. ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ ഡാര്‍സി ഷോര്‍ട്ടിലാകും ഓസീസിന്റെ പ്രതീക്ഷ. കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ റണ്‍വേട്ടയില്‍ ഷോര്‍ട്ട് ഒന്നാമതെത്തിയിരുന്നു.
















