പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയ്‌ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രക്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ശ്രീലങ്ക ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഒരു വിക്കറ്റിന് വിജയിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയത്.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇരുഭാഗത്തേക്കും തിരിയാവുന്ന കളിയെ കുശാല്‍ മെന്‍ഡിസും (84) ഒഷാഡാ ഫെര്‍ണാണ്ടോയും (75) ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ശ്രീലങ്കയ്‌ക്ക് വിജയം സമാനിച്ചത്. മൂന്നാം ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 137 റണ്‍സായിരുന്നു ശ്രീലങ്കക്ക് വേണ്ടിയിരുന്നത്. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് ശ്രീലങ്ക മൂന്നാം ദിനം ലക്ഷ്യം കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്ക എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുത്തത് മികച്ച ബാറ്റിങ് പ്രകടനം. കുശാല്‍ മെന്‍ഡിസാണ് കളിയിലെ താരം.
ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുന്ന മൂന്നാമത്തെ ടീമായും വിജയത്തോടെ ശ്രീലങ്ക മാറി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഇതിനുമുമ്പ് നേട്ടം കൈവരിച്ചിട്ടുള്ള മറ്റ് ടീമുകള്‍.
















