തിരുവനന്തപുരം: ജോലി നഷ്ടമായ എംപാനല്‍ കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് സമരസമിതി. സമരക്കാര്‍ ഇന്നലെ രാവിലെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ സമരക്കാരെ ചര്‍ച്ചയ്‌ക്ക് വിളിച്ചു.
ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞതായി സമരക്കാര്‍ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് മാറ്റി. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണും വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടമായ എംപാനല്‍ കണ്ടക്ടര്‍മാര്‍ ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ച സാഹചര്യത്തിലായിരുന്നു സമരക്കാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. നേരത്തെ കണ്ടക്ടര്‍മാരുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജനുവരി 21 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ എംപാനല്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.
















