ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചെയര്‍മാന്‍ രാജീവ് ശുക്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശുക്ലയുടെ പ്രതികരണം.
കായികം എന്ന സങ്കല്‍പ്പം മറ്റെല്ലാത്തിനേക്കാളും ഉയര്‍ന്നതാണ്. എന്നാല്‍ ചിലര്‍ ഭീകരവാദം അഴിച്ചുവിടുമ്പോള്‍ അതിന്റെ പ്രതിഫലനം കായിക രംഗത്തും ഉണ്ടാകുമെന്ന് ശുക്ല പറഞ്ഞു.
ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ അനുമതിയില്ലെങ്കില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്ന പ്രശ്‌നമില്ല. ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കുമോയെന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനില്ലെന്നായിരുന്നു ശുക്ലയുടെ മറുപടി. ലോകകപ്പിന് ഇനിയം സമയമുണ്ട്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാമെന്ന് ശുക്ല പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും പാക്കിസ്ഥാനെതിരെ ശക്തമായി പ്രതിഷേധമുയരുകയാണ്. പാക്കിസ്ഥാനെതിരെ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടുകഴിഞ്ഞു.
















