ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി രാഷ്‌ട്രീയ ധാരണയ്‌ക്ക് തയാറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ പിന്തുണ. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെക്കുറിച്ച് കെപിസിസിയ്‌ക്കു തീരുമാനിക്കാമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ബിജെപിയെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യകൂട്ടായ്‌മ അനിവാര്യമാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന ആരുമായും സഹകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളില്‍ ഇരുപാര്‍ട്ടികളും ബിജെപി മുന്നേറ്റം ഭയന്ന് തെരഞ്ഞെടുപ്പ് ധാരണയ്‌ക്ക് തീരുമാനിച്ചിരുന്നു. കേരളത്തില്‍ ബിജെപിയാണ് പ്രധാന ശത്രുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെയും വേണുഗോപാലിന്റെയും നിലപാടുകള്‍ ശ്രദ്ധേയമാകുന്നത്. ഇരുപാര്‍ട്ടികളും മുഖ്യശത്രുവായി ബിജെപിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏതൊക്കെ മണ്ഡലത്തിലാകും രഹസ്യനീക്കുപോക്കുകളും, അടവുനയങ്ങളും അരങ്ങേറുകയെന്ന് കാത്തിരുന്ന് കാണണം.
















