കണ്ണൂര്‍: പ്രാദേശിക തലത്തില്‍ ലക്ഷങ്ങളുടെ കളക്ഷന്‍ നടക്കുമ്പോഴും തുക പാര്‍ട്ടി അക്കൗണ്ടിലെത്താത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നായകനായ ജനമഹായാത്ര ജനപങ്കാളിത്തത്തെക്കാള്‍ ഫണ്ട് സമാഹരണം ലക്ഷ്യമിട്ടായിരുന്നു.
യാത്ര പാതി ദൂരം പിന്നിടുമ്പോള്‍ ഫണ്ട് സമാഹരണവും ജനപങ്കാളിത്തവും പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രാദേശിക നേതാക്കള്‍ക്ക് പുറമേ കെപിസിസി, ഡിസിസി നേതാക്കളും വ്യാപകമായി ഫണ്ട് സമാഹരിച്ചിട്ടുണ്ട്. നോട്ടെണ്ണല്‍ മെഷീനുകളുമായാണ് കെപിസിസി ഭാരവാഹികള്‍ ജനമഹായാത്രയില്‍ ഫണ്ട് ഏറ്റുവാങ്ങാനെത്തിയത്. പക്ഷെ മിക്ക സ്വീകരണ പരിപാടിയിലും മെഷീന്‍ പുറത്തെടുക്കാനുള്ള സാഹചര്യം ഉണ്ടായില്ല.
ബൂത്ത് തലത്തില്‍ ലക്ഷക്കണക്കിന് രൂപ പ്രാദേശിക നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് കെപിസിസി വിലയിരുത്തല്‍. ഒരു ബൂത്തില്‍ നിന്ന് പന്ത്രാണ്ടായിരം രൂപ കെപിസിസിക്ക് നല്‍കണമെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നാമമാത്രമായ തുകയേ ലഭിക്കുന്നുള്ളു. ചില കമ്മറ്റികള്‍ ഒരു രൂപ പോലും കെപിസിസി ഫണ്ടിലേക്ക് നല്‍കിയില്ല. ഫണ്ട് നല്‍കാത്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മറ്റികള്‍ കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം പിരിച്ച് വിട്ടിരുന്നു.
കര്‍ശന നിലപാടെടുക്കുമെന്ന പ്രതീതിയുണ്ടാക്കിയാല്‍ മറ്റ് ജില്ലകളില്‍ നിന്നെങ്കിലും കൂടുതല്‍ ഫണ്ട് സമാഹരണം നടക്കുമെന്നായിരുന്നു കെപിസിസിയുടെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനമഹായാത്രയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ചില മണ്ഡലം കമ്മറ്റികള്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഈ ഭീഷണിയും അസ്ഥാനത്താകുന്ന പ്രതികരണമാണ് മറ്റ് ജില്ലകളില്‍ നിന്ന് കെപിസിസിക്ക് ലഭിക്കുന്നത്. നടപടി നേരിട്ട കമ്മറ്റികള്‍ ഇതേവരെ നേതൃത്വത്തെ സമീപിക്കുകയോ ഫണ്ട് നല്‍കുകയോ ചെയ്യാത്തതും നേതൃത്വത്തെ ആശങ്കയിലാക്കുന്നു.
















