കണ്ണൂര്‍ : കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിച്ചെങ്കിലും ഭര്‍ത്താവ് മറ്റ് വീട്ടിലേക്ക് മാറിയത് ആരുടെയൊക്കെയോ ശക്തമായ ഭീഷണിയും സമ്മര്‍ദ്ദവും മുലമാണെന്ന് കനകദുര്‍ഗ്ഗ. ഭര്‍ത്താവിനൊപ്പം ഭര്‍തൃമാതാവും, കുട്ടികളും താമസം മാറിയിട്ടുണ്ട്. കുട്ടികളെ ഇതുവരെ കാണാനാവാത്തതില്‍ വിഷമമുണ്ടെന്നും കനകദുര്‍ഗ്ഗ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
ശബരിമല ദര്‍ശനം നടത്തിയതില്‍ പ്രതിഷേധമുണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും ഇതിങ്ങനെ നീണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതല്ല. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ മാതാവ് ഭാര്‍ഗവി കേന്ദ്രത്തിന് കത്തെഴുതിയതിനോടും അവര്‍ പ്രതികരിച്ചു. അമ്മ അത്തരത്തില്‍ സ്വമേധയാ ആവശ്യപ്പെടില്ല. അമ്മയ്‌ക്ക് പ്രായമുണ്ടെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നയാളാണ്. എനിക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കിയിരുന്നു. അസുഖ ബാധിതയായ അമ്മയെ കൊണ്ട് അത് ചെയ്യിച്ചതാണെന്നും കനകദുര്‍ഗ്ഗ കൂട്ടിച്ചേര്‍ത്തു.
















