കോട്ടയം: സമുദായാചാര്യന്‍ മന്നത്തു പദ്മനാഭനെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കേരള സാഹിത്യ അക്കാദമിയോട് ആവശ്യപ്പെട്ടു.
കേരള സാഹിത്യ അക്കാദമിയുടെ ‘കേരളം ഓര്‍മസൂചിക 2019’ എന്ന പേരില്‍ പുറത്തിറക്കിയ ഡയറിയില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍നിന്നാണ് മന്നത്തു പദ്മനാഭന്റെ ചിത്രം ഒഴിവാക്കപ്പെട്ടത്. ഇക്കാര്യം എന്‍എസ്എസ്സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും പ്രതികരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടത് സഹയാത്രികരുടെ നിയന്ത്രണത്തിലുള്ള അക്കാദമി ശബരിമല വിഷയത്തിന്റെ പേരില്‍ ബോധപൂര്‍വം മന്നത്തിന്റെ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലും മറ്റുമായി വാര്‍ത്തകള്‍ വ്യാപകമാവുകയുണ്ടായി.
1992 മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന ഡയറിയില്‍ ആദ്യമായാണ് നവോത്ഥാനനായകര്‍ എന്ന പേരില്‍ 32 പേരുടെ ചിത്രങ്ങളോടെ രണ്ടുപേജുകള്‍ ഉള്‍പ്പെടുത്തിയത്. ഈ ഡയറിയില്‍ നവോത്ഥാനനായകരുടെ കൂട്ടത്തില്‍ മന്നത്തു പദ്മനാഭന് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ സംഘാടകരുടെ ബോധപൂര്‍വമായ നടപടിയാണ് അതിനു പിന്നിലുള്ളതെന്നു മനസ്സിലാക്കിയാണ് എന്‍എസ്എസ് ആദ്യം പ്രതികരിക്കാതിരുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സാമൂഹ്യപരിഷ്‌കര്‍ത്താവായ മന്നത്തു പദ്മനാഭനെ 32 നവോത്ഥാനനായകരുടെ പട്ടികയില്‍പ്പെടുത്താന്‍പോലും തയാറാകാതെ അപമാനിക്കുന്ന ചിത്രമാണ് പിന്നീട് അവരുടെ വിശദീകരണത്തില്‍നിന്ന് തെളിഞ്ഞുവരുന്നത്. മന്നത്തു പദ്മനാഭന്‍ ആരായിരുന്നു എന്നും, അദ്ദേഹം ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നും ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ, ചരിത്രപുരുഷനായ മന്നത്തു പദ്മനാഭനെ കേരള സാഹിത്യ അക്കാദമിയുടെ പേരില്‍ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്, അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
















