ഇടുക്കി: സംസ്ഥാന പോലീസിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണിയിലൂടെ നടപ്പാക്കിയ സ്റ്റേഷന്‍ ഭരണത്തിലെ മാറ്റം പാതിവഴിയില്‍ നിലയ്‌ക്കാന്‍ കാരണം ധനവകുപ്പിന്റെ ഇടപെടല്‍. ലോക്കല്‍ സ്‌റ്റേഷനുകളുടെ ചുമതല (എസ്എച്ച്ഒ) വഹിക്കേണ്ടത് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ നിലവില്‍ ഗസറ്റഡ് പദവിയുണ്ടായിരുന്ന സിഐമാരെ ഇത് ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇതോടെ ഇല്ലാതായത് പോലീസിലെ ഐക്യവും കൂട്ടുത്തരവാദിത്വവും. സമരം ചെയ്യാന്‍ അനുമതിയില്ലാത്ത വിഭാഗമായതിനാല്‍ ഈ വിഷയം പോലീസ് സേനയ്‌ക്കുള്ളില്‍ നീറിപ്പുകയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട വിഭാഗമാണ് പോലീസ്. ഇതിനായി പരസ്പര സഹകരണവും കൂട്ടായ പ്രവര്‍ത്തനവും അനിവാര്യമാണ്. ഇത് തകര്‍ക്കുന്ന രീതിയിലാണ് പോലീസിലെ ഒരു മുതിര്‍ന്ന സ്ഥാനം എടുത്തുകളഞ്ഞതെന്ന ആക്ഷേപം സേനയ്‌ക്കുള്ളില്‍ ഇപ്പോഴും ശക്തം.
അതുവരെ 3-4 സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു സിഐ. സ്‌റ്റേഷനിലെ എല്ലാ പ്രശ്‌നങ്ങളിലുമിടപെട്ട് ഞൊടിയിടയില്‍ തീരുമാനം എടുക്കാന്‍ സിഐമാര്‍ക്ക് കഴിഞ്ഞിരുന്നു. വകുപ്പുതല നടപടി ഭയന്ന് ഇത് സിഐയുടെ പരിധിയില്‍ വരുന്ന പോലീസ് സേനയിലെ എല്ലാവരും അംഗീകരിച്ചിരുന്നു. സിഐ ഒരു സ്റ്റേഷനിലേക്ക് ചുരുങ്ങിയതോടെ സമീപത്തെ സ്റ്റേഷനിലെ എസ്‌ഐയും ഇതേ സിഐയും ഒരേ റാങ്കിലായി.
തൊട്ട് മുകളിലുള്ള ഡിവൈഎസ്പിക്ക് സിഐ ഇല്ലാതായതോടെ ജോലി ഭാരവും കൂടി. 471 സ്റ്റേഷനുകളുള്ള കേരളത്തില്‍ ഏതാണ്ട് 224 സ്‌റ്റേഷനുകളിലാണ് നിലവില്‍ ഇത്തരത്തില്‍ ഭരണം നടക്കുന്നത്. ബാക്കിയുള്ള സ്‌റ്റേഷനുകളില്‍ ഇപ്പോഴും ഗസറ്റഡ് പദവിയില്ലാത്ത എസ്‌ഐ ആണ് ചുമതലക്കാരന്‍. സിഐമാരുടെയും ഡിവൈഎസ്പിമാരുടെയും എണ്ണം കൂട്ടുന്ന വിഷയത്തില്‍ പണമില്ലെന്ന ന്യായം നിരത്തി ധനമന്ത്രി തോമസ് ഐസക് ഇടപെട്ടതായാണ് വിവരം. പലതരത്തിലുള്ള കൂടിയാലോചനകള്‍ നടത്തുകയും ജില്ലകളില്‍ വര്‍ധിപ്പിക്കേണ്ട എണ്ണം തരംതിരിച്ചെടുത്തെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇവയെല്ലാം കടലാസിലുറങ്ങുന്നു.
ചെറിയ തോതില്‍ ശമ്പളം കൂട്ടി നല്‍കേണ്ടി വരുമായിരുന്നെങ്കിലും എസ്‌ഐമാരെ തന്നെ ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ പരാതി പറയാനും സംശയങ്ങള്‍ ഇല്ലാതാക്കാനും എളുപ്പത്തില്‍ സമീപിക്കാമായിരുന്ന ഉദ്യോഗസ്ഥനില്ലാതായതോടെ നാഥനില്ലാക്കളരിയായി മാറുകയാണ് പോലീസ് സംവിധാനം.
















