മുംബൈ: അഴിമതിക്കെതിരെയുള്ള പോരാട്ടം അമ്മ പകര്‍ന്ന് തന്ന കരുത്തില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ഉറച്ചതാണ്. അമ്മയാണ് ഇക്കാര്യത്തില്‍ തനിക്ക് കരുത്ത് പകര്‍ന്നത്.
സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് തന്റെ അമ്മ, അവരാണ് ഒരിയ്‌ക്കലും അഴിമതി നടത്തരുതെന്ന് തന്നെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചത്. ‘നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക് ഉറപ്പു നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു’.
ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് അമ്മയെ കാണാന്‍ പോയിരുന്നു. സഹോദരന്റെ കൂടെയായിരുന്നു അമ്മ അന്ന്.
അഹമ്മദാബാദില്‍ അപ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. അന്ന് അമ്മ കെട്ടിപ്പിടിച്ച് തന്നോട് പറഞ്ഞത്’ നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നാണ്’. അമ്മയുടെ സ്വഭാവം അതാണ്. ചുറ്റും എന്തു നടക്കുന്നുവെന്നത് അവര്‍ക്കു പ്രധാനപ്പെട്ടതല്ല. മക്കളെ ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് എപ്പോഴും അവരുടെ ആവശ്യം’.
തന്റെ അമ്മയ്‌ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















