ജയ്‌പൂര്‍: ലോക്‌സഭാ സീറ്റിന് ശ്രമിച്ച റവന്യു ഉദ്യേഗസ്ഥന്റെ 100 കോടിയുടെ സ്വത്തുക്കള്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) പിടിച്ചെടുത്തു. രാജസ്ഥാനിലെ സഹി റാം മീണ എന്ന ഉദ്യോഗസ്ഥന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
ഇയാള്‍ ഒരു ലക്ഷം രൂപ കോഴ കൈപ്പറ്റുന്നത് കൈയോടെ പിടികൂടിയതിനു പിന്നാലെയാണ് സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. ലോക്‌സഭാ സീറ്റിനായി പ്രമുഖ പാര്‍ട്ടികളെയെല്ലാം സമീപിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ തെരച്ചിലില്‍ ഇതു സംബന്ധിച്ച ചില കത്തുകള്‍ കണ്ടെത്തി.
താന്‍ കാലങ്ങളായി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്നയാളാണെന്നു കാണിച്ച് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് എഴുതിയ കത്തുകളാണ് കണ്ടെത്തിയത്. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്ന് ഒരു കത്തില്‍ എഴുതി ബിജെപി അധ്യക്ഷന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമവും ഇയാള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോക്‌സഭാ സീറ്റ് തന്നെയായിരുന്നോ ലക്ഷ്യമെന്ന് പരിശോധിക്കുമെന്നും നിലവില്‍ ഇയാള്‍ക്കെതിരെയുള്ള കേസിനെ ഈ കത്തുകള്‍ ബാധിക്കില്ലെന്നും എഡിജിപി സൗരഭ് ശ്രീവാസ്തവ പറഞ്ഞു. ആറു മാസം മാത്രം സേവനം ബാക്കിയുള്ള സഹി റാം, ഏതു വിധേനയും പാര്‍ട്ടികളിലേതിലെങ്കിലും കയറിക്കൂടാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
















