മൗണ്ട് മൗഗനൂയി (ന്യൂസിലന്‍ഡ്): തുടക്കം ഗംഭീരമാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തിലും കിവീസിനെ വരിഞ്ഞുമുറുക്കി വിജയത്തിനായുള്ള പുറപ്പാടിലാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്് നടക്കും. രാവിലെ 7.30 ന് കളിതുടങ്ങും.
കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും തിരിയുന്ന പന്തുകളെ നേരിടാന്‍ ആയാസപ്പെടുന്ന ആതിഥേയര്‍ക്ക്് രണ്ടാം മത്സരത്തിലും പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം. സര്‍വമേഖലകളിലും സമ്പൂര്‍ണ ആധിപത്യത്തോടെ ആദ്യ മത്സരം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1- 0 ന് മുന്നിലാണ്.
ബിസിസിഐ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിലേക്ക് പറന്നിട്ടുണ്ട്. പക്ഷെ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ആദ്യ മത്സരത്തില്‍ കളിപ്പിച്ച ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ ഒഴിവാക്കിയേക്കും. പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കുമെന്നാണ് സൂചന.
ആദ്യ മത്സരത്തില്‍ പതിമൂന്ന് റണ്‍സുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായ്ഡുവിന് വീണ്ടും അവസരം നല്‍കും. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ ഇന്ത്യയുടെ ബാറ്റിങ്ങ് ശക്തമായി. ആദ്യ ഏകദിനത്തില്‍ 75 റണ്‍സോടെ ധവാന്‍ ടോപ്പ് സ്‌കോററായി.
ബാറ്റ്‌സ്മാന്മാരുടെ മോശം ഫോമാണ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍വിയിലേക്ക് നയിച്ചത്. ക്യാപറ്റ്ന്‍ കെയ്ന്‍ വില്യംസണിന് മാത്രമേ പിടിച്ചു നില്‍ക്കാനായുളളൂ. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തില്‍ വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് ആതിഥേയര്‍.
















