കൊച്ചി: സംഘടിത ക്ഷേത്രാചാര ധ്വംസനങ്ങള്‍ക്കെതിരെ, ക്ഷേത്രാചാര സംരക്ഷണത്തിനായി ആചാര്യ സംഗമം സംഘടിപ്പിക്കാന്‍ തീരുമാനം. ആലുവ തന്ത്രവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന താന്ത്രിക ആചാര്യന്മാരുടെയും ഹൈന്ദവ സമുദായ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
ഭാരതത്തിലെ പ്രധാന ക്ഷ്രേത്രങ്ങളിലെ ആചാര്യന്മാരെ പങ്കെടുപ്പിച്ച് ശിവരാത്രിക്കു ശേഷം ആചാര്യ മഹാസംഗമം സംഘടിപ്പിക്കും. ശബരിമല യുവതീപ്രവേശനത്തില്‍ തന്ത്രി സ്വീകരിച്ച നടപടികള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എറണാകുളം ബിടിഎച്ചില്‍ ചേര്‍ന്ന യോഗം കുഴിക്കാട് കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശര്‍മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ശബരിമല മുന്‍ മേല്‍ശാന്തിയും തന്ത്രവിദ്യാപീഠം ജനറല്‍ സെക്രട്ടറിയുമായ ഇടമന ബാലമുരളി, തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂരിപ്പാട്, തന്ത്രി മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി, ശ്രീ വേദവ്യാസ വിദ്യാപീഠം അധ്യക്ഷന്‍ സുകുമാരന്‍ തന്ത്രികള്‍, ഗുരുപദം തന്ത്രവിദ്യാലയം മുഖ്യ ആചാര്യന്‍ കാരുമാത്ര വിജയന്‍ തന്ത്രികള്‍, ശ്രീനാരായണ താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ രാകേഷ് തന്ത്രികള്‍, തന്ത്ര വിദ്യാപീഠം പൂര്‍വവിദ്യാര്‍ത്ഥി സമിതി പ്രതിനിധി ശ്രീനിവാസന്‍ പോറ്റി, പാഞ്ഞാള്‍ കിരാത രുദ്ര ശ്രീവിദ്യാപീഠം ആചാര്യന്‍ തോട്ടം നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, വി.കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















