ആലപ്പുഴ: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്ന തരത്തില്‍ നിയമനിര്‍മാണം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക സര്‍വകലാശാല പട്ടികയില്‍പ്പെടുത്താത്ത ഒരു കീടനാശിനി പോലും കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കില്ല. പട്ടികയില്‍പ്പെടാത്ത എല്ലാ കീടനാശിനികളും നിരോധിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കീടനാശിനി നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഈ മാസം ആദ്യം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ കീടനാശിനികളും മറ്റു മരുന്നുകളും വില്‍ക്കുന്ന കടകളില്‍ അവര്‍ വില്‍ക്കുന്ന മരുന്നുകളുടെ പട്ടിക കടയ്‌ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. 31നകം ഇത് പാലിക്കണം. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന കര്‍ശനമാക്കും.
കീടനാശിനിരഹിത കൃഷി എന്ന നയം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ഇതിനായി തൊഴിലാളികളെയും കര്‍ഷകരെയും ബോധവത്കരിക്കും. ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന രീതി വ്യാപിപ്പിക്കും. തിരുവല്ലയില്‍ കര്‍ഷകരുടെ മരണത്തിന് കാരണമായി കണ്ടെത്തിയ കീടനാശിനി കേരളത്തില്‍ വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ്. മരണത്തെക്കുറിച്ച് വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കീടനാശിനി വിറ്റ കട പൂട്ടാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
















