മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കരുത്തുകാട്ടി വമ്പന്മാര്‍. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ദ്യോകൊവിച്ച്, സിമോണ ഹാലെപ്, മുന്‍ ചാമ്പ്യന്മാര്‍ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. അതേസമയം, വനിതകളിലെ മുന്‍ ഒന്നാം നമ്പര്‍ വിക്ടോറിയ അസരങ്കയ്‌ക്ക് തോല്‍വി.
കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന നൊവാക് ദ്യോകൊവിച്ച് തുടര്‍ച്ചയായ സെറ്റുകള്‍ക്ക് അമേരിക്കന്‍ താരം മൈക്കിള്‍ ക്രൂഗറിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-3,6-2,6-2. ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ദ്യോകൊയുടെ ലക്ഷ്യം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഹാലെപ് രണ്ടാം റൗണ്ട് ഉറപ്പാക്കിയത്. എസ്‌തോണിയയുടെ കയ കാനേപിയെ മറികടന്നു, സ്‌കോര്‍; 6-7, 6-4, 6-2. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായെങ്കിലും, അടുത്ത രണ്ട് സെറ്റുകളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഹാലെപ് രണ്ടാം റൗണ്ട് ഉറപ്പിച്ചു.
മെല്‍ബണില്‍ ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാമെന്ന ചരിത്ര മുഹൂര്‍ത്തതിലേക്കുള്ള യാത്രയിലെ ആദ്യപടി സെറീന അവിസ്മരണീയമാക്കി. ജര്‍മനിയുടെ തതാന മരിയയെ തകര്‍ത്തു സെറീന, സ്‌കോര്‍: 6-0, 6-2. മുപ്പത്തിയേഴുകാരിയായ സെറീന 49 മിനിറ്റില്‍ മത്സരം കൈപ്പിടിയിലാക്കി. സഹോദരി വീനസും മുന്നേറി. റൊമാനിയയുടെ മിഹേലാ ബുസാര്‍നെസ്‌ക്യുവിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-7, 7-6, 6-2.
ജര്‍മന്‍ താരം ലോറാ സ്ലീഗ്മുണ്ടിനു മുന്നിലാണ് അസരങ്കയുടെ പോരാട്ടം അവസാനിച്ചത്. ആദ്യ സെറ്റ് നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തി അസരങ്ക. സ്‌കോര്‍: 6-7, 6-4, 6-2. രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടിട്ടുള്ള അസരങ്കയെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്ലീഗ്മുണ്ട് വീഴ്‌ത്തിയത്. വനിതകളിലെ നാലാം നമ്പര്‍ നവോമി ഒസാക്കയും രണ്ടാം റൗണ്ട് ഉറപ്പിച്ചു. പോളണ്ടിന്റെ മാഗഡാ ലിനറ്റിനെ തകര്‍ത്തു, സ്‌കോര്‍: 6-4, 6-2. പുരുഷന്മാരിലെ നാലാം നമ്പര്‍ അലക്‌സാണ്ടര്‍ സെവരേവ്, ജപ്പാന്റെ കെയ് നിഷികോരി, ക്രൊയേഷ്യയുടെ ബോര്‍ണാ കോറിക് തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
















