ചേര്‍ത്തല: വിശ്വാസികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. തന്ത്രിയെ അപമനിച്ച സുധാകരന് സ്മൃതിഭ്രംശം സംഭവിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത് മന്ത്രിക്കസേരകളില്‍ ഇരിക്കുന്നവര്‍ പിതാമഹന്മാരെ പോലും തള്ളിപ്പറയുന്നത് സംസ്‌ക്കാരമില്ലായ്‌മയാണെന്നും മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അധികാരത്തിലേറുന്നത്. സമൂഹം പോലും പിന്തള്ളിയ സ്ത്രീകളെ വേഷം മാറ്റി ശബരിമലയില്‍ കൊണ്ടുവരുന്നത് അയ്യപ്പനോടുള്ള ഭക്തി കൊണ്ടല്ല, മറിച്ച് ഹിന്ദു സംസ്‌ക്കാരം തകര്‍ക്കണമെന്ന വാശി കൊണ്ടാണ്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്നുള്ള കോടതിവിധിപോലും മറന്ന് അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ല.
വ്യക്തികള്‍ മണ്‍മറഞ്ഞുപോയാലും ക്ഷേത്രങ്ങളും ആചാരങ്ങളും എന്നും നിലനില്‍ക്കേണ്ടവയാണ്. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ 22ന് വരുന്ന വിധി അയ്യപ്പഭക്തര്‍ക്ക് അനുകൂലമാകാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















