ചങ്ങനാശേരി: സുപ്രീംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് എന്‍എസ്എസ്.
ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍വച്ച് ഏതു ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി പരിഹരിക്കാവുന്ന ഈ പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
അനാവശ്യമായി നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലിലടയ്‌ക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, എന്തു കള്ളവും മാറി മാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് ഇവിടെ നടക്കുന്നത്. ഇത് ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുമുണ്ട്. സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍, അത് സംരക്ഷിക്കാനായി വിശ്വാസികള്‍ രംഗത്തുവരുന്നതില്‍ തെറ്റുപറയാനാവില്ല. അതിന് രാഷ്‌ട്രീയനിറം കൊടുത്ത് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.
ഏതു മതവിഭാഗത്തിന്റേതായാലും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ശബരിമല വിഷയവും എല്ലാ മത-സാമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.
















