പത്തനംതിട്ട: പിഎസ്‌സി വഴി നിയമനം നേടിയവരെ നിയമിച്ചിട്ടും കെഎസ് ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം തുടരുന്നു. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുമൂലം ആയിരക്കണക്കിന് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരം പിഎസ് സി വഴി പുതിയ കണ്ടകടര്‍മാരെ നിയോഗിച്ചു. എങ്കിലും അത് ഒന്നിനും പരിഹാരമായിട്ടില്ല.
ഓരോ ഡിപ്പോയിലും നിരവധി പേരുടെ കുറവാണ് ഉള്ളത്. പത്തനംതിട്ടയില്‍ മാ്രതം 80 കണ്ടക്ടര്‍മാരുടെ കുറവുണ്ട്. ഇതുമൂലം ദിവസവും ഇരുപതിലെറെ സര്‍വീസുകളാണ് മുടങ്ങുന്നത്. ഇവിടെ പുതുതായി ജോലിയില്‍ ചേര്‍ന്നത് ആറു പേര്‍ മാത്രം. റാങ്ക്‌ലിസ്റ്റിലുള്ള ചിലര്‍ വിദേശത്താണ്. മറ്റു ചിലര്‍ സര്‍ക്കാരിന്റെ പല വകുപ്പുകളിലും ജോലിയില്‍ പ്രവേശിച്ചു.
പ്രമോഷന്‍ സാദ്ധ്യത കുറവായതിനാലും അദ്ധ്വാനഭാരം കൂടുതലായതിനാലും അതിനനുസരിച്ചുള്ള ശമ്പളമില്ലാത്തതിനാലും കണ്ടക്ടര്‍ ജോലി ഏറ്റെടുക്കുവാന്‍ തയാറായവര്‍ കുറവാണ്. പുതിയതായി കയറിയവര്‍ ടിക്കറ്റ് മെഷിന്‍ ഉപയോഗം പഠിച്ചുവരുന്നേയുള്ളൂ. അതിനാല്‍ പലഡിപ്പോയിലും പഴയ ടിക്കറ്റ്‌റാക്ക് ട്രെയിനികള്‍ക്ക് നല്‍കുകയാണ്.
മെഷിനുകള്‍ കേടുവന്നത് യഥാസമയം നന്നാക്കാത്തതും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ ജീവനക്കാരുടെ ക്ഷാമം കുറേയെങ്കിലും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
















