ന്യൂദല്‍ഹി: പാര്‍ലമെന്റിലും പുറത്തും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വന്‍ പ്രതിഷേധം. പാര്‍ലമെന്റില്‍ ന്യൂദല്‍ഹി എംപി മീനാക്ഷി ലേഖി ഇടതു സര്‍ക്കാരിനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ വി. മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ ബിജെപി എംപിമാര്‍ പ്രതിഷേധിച്ചു.
മതവിശ്വാസത്തെ യുക്തിയുടെ ഏതൊരു വീക്ഷണകോണിലൂടെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നത് തെറ്റാണെന്ന് മീനാക്ഷി ലേഖി ലോക്‌സഭയില്‍ ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എവിടെയാണ് യേശുക്രിസ്തു ജനിച്ചതെന്ന് വിധി പറയാന്‍ സുപ്രീംകോടതിക്ക് സാധിക്കുമോ? ഏതു മൃതദേഹം സംസ്‌കരിക്കണം, ഏതു മൃതദേഹം കുഴിച്ചിടണം എന്ന് സുപ്രീംകോടതിക്ക് തീരുമാനിക്കാനാവുമോ? ലേഖി ചോദിച്ചു.
ഹിന്ദുത്വത്തെ അറിയാത്തവരാണ് ശബരിമല വിധിയുടെ മറവില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കാമാഖ്യയിലും ചെങ്ങന്നൂരിലും വരെ രജസ്വലയായ ദേവിയെയാണ് ഹിന്ദുക്കള്‍ പൂജിക്കുന്നത്. അതുപോലെ തന്നെ ശബരിമലയ്‌ക്കും അതിന്റേതായ ആചാര രീതികളുണ്ട്. കോടതി വിധിയുടെ പേരില്‍ ആംബുലന്‍സില്‍ സ്ത്രീകളെ ശബരിമലയില്‍ എത്തിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടില്‍ എന്തു ന്യായമാണുള്ളത്. പ്രതിഷേധിച്ച വിശ്വാസികളെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടു. സര്‍ക്കാരാണ് ആ കൊലപാതകത്തിന് ഉത്തരവാദി. ശബരിമല വിധിയെ തുടര്‍ന്ന് നാല് ഗുരുസ്വാമിമാരാണ് ആത്മഹത്യ ചെയ്തത്. ഹിന്ദുസമൂഹത്തെ പ്രകോപിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും. അയ്യപ്പ വിശ്വാസികളല്ലാത്ത, ആക്ടിവിസ്റ്റുകളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിശ്വാസത്തെയും ആചാരത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ലേഖി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ വി. മുരളീധരന്‍, ശോഭാ കരന്ത്‌ലജെ, നളിന്‍ കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ എംപിമാര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കുക. ശബരിമല ക്ഷേത്രത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ബിജെപി എംപിമാരുടെ പ്രതിഷേധം. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നടപടികള്‍ തുറന്നുകാട്ടുന്നതിനായാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.
പാര്‍ലമെന്റിന് പുറത്ത് ദല്‍ഹിയില്‍ കേരളാഹൗസിലേക്കും വിവിധ സ്ഥലങ്ങളിലും അയ്യപ്പഭക്തര്‍, പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തി.
















