കല്‍പ്പറ്റ: വയനാടന്‍ മലനിരകളില്‍ പുതിയ സസ്യം കണ്ടെത്തി. ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെടുന്ന സസ്യത്തെ കള്ളാടിയിലെ പുല്‍മേടുകളിലാണ് കണ്ടെത്തിയത്. പുതിയ സസ്യം ‘ലിപ്പാരിസ് ടൊര്‍റ്റിലിസ്’ എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുക. എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ പിച്ചന് എം. സലിം, ആലപ്പുഴ എസ്ഡി കോളേജിലെ ബോട്ടണി അധ്യാപകനായ ഡോ. ജോസ് മാത്യൂ, എംഎസ്എസ്ആര്‍എഫിന്റെ മുന്‍ മേധാവി ഡോ. വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് സസ്യം കണ്ടെത്തിയത്.
പിരിയന്‍ പൂങ്കുല, പച്ച നിറമാര്‍ന്ന പൂക്കള്‍, വെളുത്ത വലിയ കാണ്ഡം എന്നിവയാണ് പുതിയ സസ്യത്തെ മറ്റുള്ള ലിപ്പാരിസില് നിന്നും വ്യത്യസ്തമാക്കുന്നത്. മനോഹരങ്ങളായ പൂക്കള്‍ ഉണ്ടാവുന്ന സസ്യങ്ങളാണ് ലിപ്പാരിസുകള്. ഇതോടകം 16 ഓളം ലിപ്പാരിസുകളെയാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: