കൊച്ചി : അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1400 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എം. എ. ബ്രഹ്മരാജ്, എം.എന്‍. ഗോപി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അങ്കമാലി പോലീസ് സ്‌റ്റേഷന് എതിര്‍ വശത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പിഎസ്‌സി മുന്‍ ചെയര്‍മാനും, മുന്‍ ഡിജിപി എം.ജി.എ. രാമന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ലെന്നും പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
അങ്കമാലിയില്‍ 500 പേര്‍ക്കെതിരേയും, പെരുമ്പാവൂരില്‍ 300 പേര്‍, മൂവാറ്റുപുഴയില്‍ 500 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
അനധികൃതമായും ന്യായ വിരുദ്ധമായും സംഘം ചേരല്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കല്‍, തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ച് വരികയാണെന്നും അതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മൂവാറ്റുപുഴ പോലീസ് അറിയിച്ചു. സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യമെടുക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26നാണ് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുമുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചത്.
















