ന്യൂദല്‍ഹി: ഭൂട്ടാന്റെ 12ാമത് പഞ്ചവല്‍സരപദ്ധതിക്ക് ഇന്ത്യ 4500 കോടി രൂപ വാഗ്ദാനം ചെയ്തു. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ്ങുമായി നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമേ അഞ്ചു വര്‍ഷം കൊണ്ട് ഭൂട്ടാന്റെ വാണിജ്യകാര്യങ്ങള്‍ക്ക് 400 കോടി രൂപയും നല്‍കും.
കഴിഞ്ഞ മാസം അധികാരമേറ്റ ഷെറിങ്ങ് ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ വെള്ളിയാഴ്ച ഇവിടെ എത്തിയിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ച് 2022ല്‍ കഴിയുന്ന പഞ്ചവല്‍സരപദ്ധതിക്കാണ് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. ജലവൈദ്യുത പദ്ധതികള്‍ക്കാണ് മുന്‍ഗണന. ഭൂട്ടാനിലെ മാങ്ങ്ഡച്ചു നദിയില്‍ ഇന്ത്യ പണിത് നല്‍കുന്ന മാങ്ങ്ഡച്ചു അണക്കെട്ട് ഉടന്‍ പൂര്‍ത്തിയാക്കും.
മറ്റുജലവൈദ്യുത പദ്മതികളും നന്നായി പുരോഗമിക്കുകയാണ്. ഭൂട്ടാന്റെ പ്രധാനവരുമാനമാര്‍ഗം ജലവൈദ്യുത പദ്ധതികളാണെന്ന് ഷെറിങ്ങും പറഞ്ഞു. ഭൂട്ടാന്റെ വൈദ്യുത ഉല്പ്പാദന ശേഷി 10,000 മെഗാവാട്ടായി വികസിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത മോദിയും ഷെറിങ്ങും ആവര്‍ത്തിച്ചു.
















