ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യുപിയിലെ ജാഫറാബാദില്‍ പിടിയിലായ ഐഎസ് ബന്ധമുള്ള ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവര്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. ഇവരില്‍ നിന്ന് പിടിച്ചെടുത്ത നൂറിലേറെ മൊബൈലുകളിലെ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളുമാണ് പദ്ധതിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഹര്‍ക്കത്ത് ഉള്‍ ഹര്‍ബെ ഇ ഇസ്ലാം എന്ന പുതിയ ഭീകരസംഘടനയിലെ അംഗങ്ങള്‍ പരസ്പരം കൈമാറിയ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വിശദമായ ആക്രമണ പദ്ധതിയുണ്ടായിരുന്നുവെന്നാണ് ദേശീയ അന്വേഷണ സംഘത്തിലെ (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഭീകരരെ ഇന്നലെ പട്യാല കോടതിയില്‍ ഹാജരാക്കി. ഇവരെ പന്ത്രണ്ടു ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.
അതിനിടെ സംഘടനാ സ്ഥാപകന്‍ മുഹമ്മദ് സുഹൈലി (29)ന്റെ ഒരു വീഡിയോ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എങ്ങനെ ബോംബ് നിര്‍മിക്കാമെന്ന് വിശദമായി പഠിപ്പിക്കുന്ന വീഡിയോയാണ് തിരച്ചിലിനിടെ ലഭിച്ചത്.
തിരച്ചിലില്‍ ചാവേറുകള്‍ ധരിക്കുന്ന പ്രത്യേക വസ്ത്രങ്ങളും റോക്കറ്റ് ലോഞ്ചറും പന്ത്രണ്ട് പിസ്റ്റളുകളും നൂറുകണക്കിന് റൗണ്ട് തിരകളും നൂറു മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും ബോംബുകളില്‍ ഉപയോഗിക്കാനുള്ള അലാം ക്ലോക്കുകളും പിടിച്ചെടുത്തിരുന്നു. ബോംബ് നിര്‍മിക്കാനുള്ള 25 കിലോ സാമഗ്രികളും (പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, ഗന്ധകം തുടങ്ങിയവ) ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. പ്രധാനനഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ നടത്താനും പ്രമുഖരെ വധിക്കാനുമായിരുന്നു ഇവരുടെ പരിപാടി.
സ്വന്തം വീടുകളില്‍ നിന്നടക്കം ആഭരണങ്ങള്‍ കവര്‍ന്ന് വിറ്റ പണം വരെ ഇവര്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചിരുന്നു. ചാവേറാക്രമണങ്ങളും റിമോട്ട് ബോംബുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളും ഇവര്‍ ആസൂത്രണം ചെയ്തു വരികയായിരുന്നു. പ്രധാന സ്ഥലങ്ങളും കേന്ദ്രങ്ങളും നിരന്തരം നിരീക്ഷിച്ചിരുന്നു. സംഘടനയ്‌ക്ക് വിദേശത്തു നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
രാജ്യത്തെ ഏതു കമ്പ്യൂട്ടറും മൊബൈലും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതാണ് ഭീകരര്‍ പിടിയിലാകാന്‍ കാരണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകന്‍
















