ന്യൂദല്‍ഹി : ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 10 പേരെ 12 ദിവസത്തേയ്‌ക്ക് കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎയുടേയും യുപി ഭീകര വിരുദ്ധ സംഘത്തിന്റേയും നേതൃത്വത്തില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വിശദമായ അന്വേഷണത്തിനായി ദല്‍ഹി പട്യാല കോടതിയാണ് കസ്റ്റഡിയില്‍ വിടുകൊണ്ട് ഉത്തരവിട്ടത്.
അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ക്ക് കുടുംബാംഗങ്ങളുമായി കോടതി പരിസരത്തുവെച്ച് കൂടിക്കാഴ്ച നടത്താനും അനുമതി നല്‍കി. ദല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിങ്ങനെ 16 സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്. ഹര്‍കത് ഉല്‍ ഹര്‍ബ് ഇ ഇസ്ലാം എന്ന ഗ്രൂപ്പുമായി ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇവര്‍ തലസ്ഥാനത്തും യുപിയിലെ സുപ്രധാന നഗരങ്ങളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാരകായുധങ്ങളും, സ്‌ഫോടന വസ്തുക്കളും, നിരവധി മൊബൈലുകളും അന്വേഷണ സംഘം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
















