കൊച്ചി: യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അറ്റകുറ്റപ്പണിക്കു കയറ്റിയിടുന്ന ഹാങ്കറിന്റെ ലോഹ വാതില്‍ തകര്‍ന്നുവീണ്, ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് രണ്ട് നാവിക സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചീഫ് പെറ്റി ഓഫീസര്‍മാരായ ഹരിയാന സ്വദേശി നവീന്‍ (28), രാജസ്ഥാന്‍ സ്വദേശി അജിത് സിങ് (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും തലയ്‌ക്കും നെഞ്ചിനും ക്ഷതമേറ്റിരുന്നു.
നാവിക സേനയുടെ ഏവിയേഷന്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരായിരുന്നു. കൊച്ചി നാവിക സേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനിലാണ് ദുരന്തം. സമീപത്ത് കൂടെ കടന്നു പോകുമ്പോള്‍ ആറ് മീറ്റര്‍ ഉയരമുള്ള ലോഹനിര്‍മിത വാതില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെയും അജിത്തിനെയും നേവല്‍ ബെയ്‌സിലെ ഐഎന്‍എച്ച്എസ് സഞ്ജീവിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തെക്കുറിച്ച് നാവിക സേന കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ സ്‌ക്വാഡ്രണ്‍ 322 യുദ്ധവിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്കറിലാണ് അപകടമുണ്ടായതെന്ന് വക്താവ് അറിയിച്ചു. വശങ്ങളിലേക്ക് റെയിലില്‍ തള്ളിനീക്കാവുന്ന വാതിലുകളിലെന്നിന്റെ സപ്പോര്‍ട്ട് നഷ്ടപ്പെട്ട് വീണതാണെന്നാണ് ആദ്യ കണ്ടെത്തല്‍.
ഹരിയാനയിലെ ഭീവാനി ജില്ലക്കാരനായ നവീന്‍ 2008 ജനുവരിയിലാണ് സേനയില്‍ ചേര്‍ന്നത്. ആരതിയാണ് ഭാര്യ. രണ്ടു വയസുള്ള മകളുണ്ട്. 2009 നവംബറിലാണ് അജിത് സിങ് സേനാംഗമായത്. ഭാര്യ പാര്‍വതി. അഞ്ച് വയസുള്ള മകനുണ്ട്. ഇരുവരുടെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
















