തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 18,500 പേര്‍ ബിജെപിയില്‍ എത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ബിജെപിക്ക് കേരളത്തിലുള്ള ജന പിന്തുണ വര്‍ധിച്ചതിന്റെ തെളിവാണിത്. വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുക്കവേയാണ് ശ്രീധരന്‍ പിള്ള ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അത് വ്യക്തമാണ്. ഇടുക്കിയിലെ മൂന്ന് സിറ്റിങ് സീറ്റുകളിലാണ് സിപിഎം ദയനീയമായി പരാജയപ്പെട്ടത്. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതിക്ക് ബിജെപി പിന്തുണ അറിയിക്കുകയാണ് ചെയ്തത്. കാല്‍ കോടിയോളം ആളുകള്‍ പങ്കെടുത്ത അയ്യപ്പ ജ്യോതി വന്‍ വിജയമായിരുന്നു. ഇതിനു ലഭിച്ച ജന പങ്കാളിത്തം വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ കണ്ണൂരും കാസര്‍ഗോഡൂം അയ്യപ്പജ്യോതി കഴിഞ്ഞു മടങ്ങിയ ജനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം സിപിഎമ്മിന്റെ ആക്രമണ രാഷ്‌ട്രീയത്തിന്റെ തെളിവാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വനിതാ മതിലിന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് ആളുകളെ കൂട്ടുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. പുരുഷന്‍മാര്‍ക്ക് വനിതാ മതിലിന്റെ ഓരം ചേര്‍ന്നു നില്‍ക്കാമെന്നാണ് കോടിയേരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















