ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടി.
തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ജനുവരിയില്‍ ചോക്‌സി രാജ്യം വിട്ടിരുന്നു. നിലവില്‍ ആന്റിഗ്വയിലാണ് ചോക്‌സി താമസിക്കുന്നത്. ഇയാള്‍ ആന്റിഗ്വയിലെ പൗരത്വം നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
ചോക്‌സിയുടെ പൗരത്വം റദ്ദു ചെയ്യില്ലെന്ന് ആന്റിഗ്വ ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ ക്ലിയറന്‍സ് നല്‍കിയതിനുശേഷമാണ് തങ്ങള്‍ ചോക്‌സിക്കു പൗരത്വം അനുവദിച്ചതെന്നും ഇത് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആന്റിഗ്വ വ്യക്തമാക്കിയിരുന്നു.
13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും കുടുംബസമേതം ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്‌ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്.
അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തതയില്ലായിരുന്നു. നീരവ് മോദി ഇപ്പോള്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടെന്നാണു വിവരം.
















