ന്യൂദല്‍ഹി : അഗസറ്റവെസ്റ്റലാന്‍ഡ് വിവിഐപി ചോപ്പര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ മിഷേലിന്റെ ഒപ്പും കൈയ്യക്ഷരവും ശേഖരിക്കാന്‍ ദല്‍ഹി സിബിഐ പ്രത്യേകകോടതി അനുമതി. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
3600 കോടിയുടെ ചോപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിനു ലഭിച്ച രേഖകളിലെ കൈയ്യക്ഷരം മിഷേലിന്റേതാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. ഒപ്പും കൈയ്യക്ഷരത്തിന്റെ പ്രതിയും നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയയ്‌ക്കണമെന്നും ഒരു കാരണവശ്ശാലും ഇത് ചോരരുതെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി മിഷേല്‍ 15 വരെ സിബിഐ കസ്റ്റഡിയിലാണ്.
അതേസമയം ഭാര്യയോടും കുടുംബാംഗങ്ങളോടും സംസാരിക്കണമെന്ന മിഷേലിന്റെ ആവശ്യവും പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അംഗീകരിച്ചു. മൊബൈല്‍ സ്പീക്കറിലിട്ട് ഇംഗ്ലീഷില്‍ കുടുംബാഗങ്ങളോട് സംസാരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എന്നാല്‍ തന്റെ മാനേജരോടും അര്‍ദ്ധ സഹോദരനോടും സംസാരിക്കണമെന്ന മിഷേലിന്റെ ആവശ്യംകോടതി തള്ളി. മിഷേലിന്റെ മാനേജര്‍ കേസില്‍ പ്രതിയാണോയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ്. അതിനാല്‍ ഇവരോട് സംസാരിക്കാന്‍ അനുവദിക്കരുതെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇത് തള്ളിയത്.
















