ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ വനവാസി വോട്ട്ബാങ്ക് നഷ്ടമായത് ബിജെപിക്ക് തിരിച്ചടിയായപ്പോള്‍ ആര്‍ക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത രാജസ്ഥാനികള്‍ ഇത്തവണയും ചരിത്രം കാത്തു. പത്തിലേറെ മന്ത്രിമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ പരാജയപ്പെട്ടത് മധ്യപ്രദേശില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ച ഛത്തീസ്ഗഡില്‍ രമണ്‍സിങിന്റെ പരാജയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബിജെപിക്കൊപ്പം നിന്ന നക്‌സല്‍ബാധിത ആദിവാസി മേഖല പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പം പോയതാണ് പരാജയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. ദന്തേവാഡയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്രകര്‍മയുടെ ഭാര്യ ദേവതി കര്‍മയെ പരാജയപ്പെടുത്തി ഭീമാ മാണ്ഡവി വിജയിച്ചതു മാത്രമാണ് ആദിവാസി മേഖലയിലെ ഏക ബിജെപി വിജയം. തലസ്ഥാന നഗരമായ റായ്‌പൂരിലെ നാല് മണ്ഡലങ്ങളില്‍ മൂന്നും ബിജെപിക്ക് നഷ്ടമായി.
മൂന്നുതവണ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്റെ നേട്ടമായാണ് എല്ലാവരും വിലയിരുത്തിയതെന്നും അതിനാല്‍ തന്നെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വവും തനിക്ക് തന്നെയാണെന്നും മുഖ്യമന്ത്രി രമണ്‍സിങ് പ്രതികരിച്ചു. സംസ്ഥാനത്തെ ജനങ്ങളെ പതിനഞ്ചു വര്‍ഷം സേവിക്കാന്‍ അവസരം ലഭിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണമാണ് വിലയിരുത്തിയത്. കേന്ദ്രഭരണവും കേന്ദ്രസര്‍ക്കാരിന്റെ മികവും സംസ്ഥാനത്ത് യാതൊരു ചര്‍ച്ചയുമായിരുന്നില്ല. കൂടുതല്‍ കഠിനാധ്വാനം ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തിരികെ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും രമണ്‍സിങ് പ്രതികരിച്ചു.
അവസാന ദിനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലികളാണ് രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടഞ്ഞത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് മുന്നോട്ടു പോയ കോണ്‍ഗ്രസ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ തടഞ്ഞത് അവസാന ദിനങ്ങളിലെ മോദി റാലികള്‍ തന്നെയാണ്. മധ്യപ്രദേശില്‍ ഗ്വാളിയോര്‍, ഇന്‍ഡോര്‍ മേഖലകളിലെ തിരിച്ചടിയാണ് ബിജെപിക്ക് വിനയായത്.
















