പഠിച്ചിറങ്ങിയാല്‍ മികച്ച തൊഴില്‍ ഉറപ്പാക്കാവുന്ന അപൂര്‍വ്വം കോഴ്സുകളിലൊന്നാണ് ബിസിനസ് അനലിറ്റിക്സ് പിജി ഡിപ്ലോമ. ഐഐടി ഖരാഗ്പൂര്‍, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി 2019-20 വര്‍ഷം നടത്തുന്ന റസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്സ് (PGDBA) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ മതിയാകും. അപേക്ഷ www.pgdba.iitkgp.ac.in- ല്‍ ഓണ്‍ലൈനായി ജനുവരി 3 വരെ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
60 ശതമാനം മാര്‍ക്കില്‍ അല്ലെങ്കില്‍ 6.5 സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക്/എംഎസ്സി/എംകോം യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗകാര്‍ക്ക് 55% മാര്‍ക്ക് അല്ലെങ്കില്‍ 6.0 സിജിപിഎ മതിയാകും. 2019 ഒക്ടോബര്‍ 31 നകം യോഗ്യത തെളിയിക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ദേശീയതലത്തില്‍ ഫെബ്രുവരി 17 ന് നടത്തും. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കായി 30, 31 തീയതികളില്‍ ഇന്റര്‍വ്യു നടത്തും. ബംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും. അക്കാഡമിക് മെരിറ്റ്, വര്‍ക്ക് എക്സ്പീരിയന്‍സ് കൂടി കണക്കിലെടുത്ത് അഡ്മിഷനായുള്ള മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. അഡ്മിഷന് ലറ്റര്‍ ഏപ്രില്‍ 15-നകം വിതരണം ചെയ്യും. ജൂണ്‍ 17-ന് അഡ്മിഷന് നടത്തും.
രണ്ടുവര്‍ഷത്തെ മൊത്തം കോഴ്സ് ഫീസ് 20 ലക്ഷം രൂപയാണ്. നാല് ഗഡുക്കളായി ഫീസ് അടയ്ക്കാം. ബാങ്കില്‍നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കും. വിശദവിവരങ്ങള്‍ www.pgdba.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: