കണ്ണൂര്‍: ആറളം ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മിഷന്റെ ഭാഗമായ ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായി ചേര്‍ന്ന് ‘ഊരുണര്‍ത്തല്‍’ എന്ന പേരില്‍ കുട്ടികളും രക്ഷിതാക്കളുമായി സംവാദം സംഘടിപ്പിക്കുന്നു. സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ ക്ലാസുകളിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഊരിനെ നവലോകവുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ലക്ഷ്യം.
മേഖലയിലെ പ്രധാന ആദിവാസി വിഭാഗമായ പണിയര്‍ കുട്ടികളാണ് സ്‌കൂളിലേറെയും. 517 കുട്ടികളില്‍ ഇരുന്നൂറിലധികം പേര്‍ പതിവായി ക്ലാസിലെത്താതെ കൊഴിഞ്ഞുപോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഊരുണര്‍ത്തല്‍ സംഘടിപ്പിക്കുന്നത്. ആദിവാസികള്‍ മിക്കവരും ആറളം ഫാമിലെ ജോലിക്കാരാണ്. ചിലര്‍ വനവിഭവങ്ങള്‍ ശേഖരിച്ചാണ് ജീവിക്കുന്നത്. കുട്ടികളുടെ പഠനകാര്യത്തില്‍ ഇവര്‍ കാര്യമായ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കാറില്ല എന്നു പറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെടാന്‍ തീരുമാനിച്ചത്.
ഉച്ചയ്‌ക്ക് 1.30-ന് കുട്ടികളുമായുള്ള സംവാദം കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.റോസമ്മ ചടങ്ങില്‍ അദ്ധ്യക്ഷ വഹിക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങള്‍ ശ്രീല മേനോന്‍ എന്‍, ഡോ.എം.പി.ആന്റണി എന്നിവര്‍ പാനല്‍ ചര്‍ച്ച നയിക്കും.
ഊരുണര്‍ത്തലിന്റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, അംഗം എം.പി.ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊരുസന്ദര്‍ശനം നടത്തും. കുട്ടികളുമായുള്ള സംവാദത്തിനു പുറമെ രക്ഷാകര്‍ത്താക്കളും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും മേഖലയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനു പുറമെ, ഹ്രസ്വചിത്ര പ്രദര്‍ശനം, മാജിക് ഷോ, നാടന്‍പാട്ട്, നാടകം എന്നീ പരിപാടികളും നടത്തും.
















