ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ സ്വകാര്യസംരംഭമായ വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡിന് നിയമവിരുദ്ധമായി കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്.സി. ഗുപ്ത കുറ്റക്കാരനെന്ന് ദല്‍ഹി കോടതി. അഴിമതി, ഗൂഢാലോചന എന്നിവയാണ് ഗുപ്ത നേരിടുന്ന ആരോപണങ്ങള്‍.
കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്. ഖോപ്ര, കല്‍ക്കരി മന്ത്രാലയം മുന്‍ ഡയറക്ടര്‍ കെ.സി. സമ്രിയ, വികാസ് മെറ്റല്‍സ് എംഡി വികാസ് പട്‌നി, സ്ഥാപനത്തിന്റെ കരാറുകാരന്‍ ആനന്ദ് മല്ലിക് എന്നിവരും കുറ്റക്കാരെന്ന് സിബിഐ കോടതി ജഡ്ജി ഭരത് പരാശര്‍ വിധിച്ചു. വിധിപ്രഖ്യാപനത്തെ തുടര്‍ന്ന് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. ഈ മാസം മൂന്നിനാണ് ശിക്ഷ വിധിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍.
പശ്ചിമബംഗാളിലെ മൊയ്‌റായിലും മധുജോറിലും വിഎംപിഎല്ലിന് പാടം അനുവദിച്ചതില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. 2012 സപ്തംബറിലാണ് ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു മുമ്പും രണ്ടു തവണ കല്‍ക്കരി കുംഭകോണ കേസില്‍ ഉള്‍പ്പെട്ടയാളാണ് ഗുപ്ത.
















