തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ശ്രീ രാമവില്യം കഴകം പാട്ടുത്സവത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം ഉദിനൂര്‍ ശ്രീ ക്ഷേത്രപാലകക്ഷേത്രത്തില്‍ നിന്നും ശ്രീചക്രപാണി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എത്തിയതോടയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കാര്‍ത്തികവിളക്ക്, സഹസ്രദീപ സമര്‍പ്പണം എന്നിവ നടന്നു. മൂന്നാം പാട്ടുത്സവത്തോടനുബന്ധിച്ച് ബീരിച്ചേരിമന പരിസരത്തുനിന്നും വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാമവില്യയത്തിലേക്ക് ഘോഷയാത്ര നടക്കും. 26 ന് രാവിലെ പത്തുമണിക്ക് ദേവിയുടെ ആരൂഢ സ്ഥാനമായ കാവില്യാട്ട് കാവിലേക്കുള്ള എഴുന്നള്ളത്തും കാവിലെ പാട്ടും വൈകീട്ട് ആറരക്ക് ഒളവറ മുണ്ട്യ വനിതാ കമ്മിറ്റിയുടെ കോല്‍ക്കളി, തടിയന്‍കൊവ്വല്‍ വനിതാ കമ്മിറ്റിയുടെ നാടന്‍ പാട്ട്, തിരുവാതിര എന്നിവ അരങ്ങേറും. 28 ന് രാത്രി ഏഴുമണിക്ക് പേക്കടം ശ്രീ കുറുവപ്പള്ളി അറ ദേവസ്വം വനിതാ കമ്മറ്റിയുടെ ഭജനസന്ധ്യ, തുടര്‍ന്ന് രാത്രി ഒന്‍പത് മണിക്ക് നെയ്യ്‌കൂട്ടല്‍ ചടങ്ങ്, സമാപന ദിവസമായ 30 ന് കളത്തിലരി, തേങ്ങയേറ് എന്നിവയോടെ പാട്ടുത്സവത്തിനു സമാപനമാകും.
















