ന്യൂദല്‍ഹി: ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ട തുറന്നുകാട്ടുന്നതിനായി ശക്തമായ സമരപരിപാടികള്‍ തുടരുമെന്നും ശബരിമല വിഷയത്തില്‍ സമരരംഗത്തുള്ള സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ എല്ലാ പിന്തുണയും നല്‍കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചു.
കേരളത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിയെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് പിണറായി വിജയന്‍ ഏര്‍പ്പെടുത്തിയത്. ബിജെപി നേതാക്കള്‍ക്ക് യാതൊരു പൗര സ്വാതന്ത്ര്യവും ലഭ്യമാകാത്ത അവസ്ഥയാണ് . സിപിഎമ്മിന്റെ ഇത്തരം ജനാധിപത്യ നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണനല്‍കുകയാണ്. നേതാക്കളെ കള്ളക്കേസില്‍ പെടുത്തി ഒരു നിലയ്‌ക്കും നിലനില്‍ക്കാത്ത കേസുകള്‍ ചുമത്തുന്ന പിണറായി സര്‍ക്കാര്‍ നടപടി നേരിടാന്‍ ബിജെപി തീരുമാനിച്ചതായും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പത്രസമ്മേളനത്തില്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മലയ്‌ക്ക് പോകാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്താലേ നടപടി പാടുള്ളൂ. ശബരിമലയില്‍ ഭക്തര്‍ നാമജപം നടത്തുന്നതിനിടെ ഏതു പോലീസുകാരനാണ് പരിക്ക് പറ്റിയത്. ഭക്തര്‍ ആരെയാണ് ആക്രമിച്ചത്. പോലീസിനെ അക്രമിച്ചെന്ന വകുപ്പിട്ടാണ് ബിജെപി നേതാക്കളെ ജയിലിലടയ്‌ക്കുന്നത്. ഓരോ ദിവസവും പുതിയ കേസുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെയും നിയമത്തെ ദുരുപയോഗം ചെയ്ത് എതിരാളികളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നേരിട്ട പാര്‍ട്ടിയോടാണ് സിപിഎം പൊലിസിനെ ഉപയോഗിച്ച് നേരിടാന്‍ നോക്കുന്നതെന്ന് മറക്കരുത്.
ശബരിമല വിഷയത്തില്‍ പരസ്യ സംവാദത്തിനുള്ള സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. എവിടെവെച്ച് വേണമെന്ന് കോടിയേരി തീരുമാനിക്കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബിജെപി കണ്ണൂര്‍ കമ്മറ്റിയുടേതെന്ന പേരില്‍ വ്യാജ സര്‍ക്കുലര്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച്, കോടതിയില്‍ രേഖയായി കൊടുത്ത സിപിഎം ഗൂഢാലോചനയ്‌ക്കെതിരെ കോടതിയെ സമീപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയുടെ മകനെ ഭീഷണിപ്പെടുത്തി 353 വകുപ്പിട്ട് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെയും നിയമപരമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. പോലീസ് ചെയ്യുന്നത് തെറ്റാണെന്ന് ഒരു പൗരന്‍ ചൂണ്ടിക്കാട്ടിയാല്‍ അയാള്‍ക്കെതിരെ 353 ഇടുന്ന അവസ്ഥ കോടതിയില്‍ തുറന്നുകാട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
















