കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ നിന്നുള്ള എംപിയാണ് പൊന്‍ രാധാകൃഷ്ണന്‍. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് വാഹനം തടഞ്ഞത്. പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിരുന്നു.
സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി യാത്ര ചെയ്തത്. നേരത്തെ നാമജപവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള വ്യക്തി ഈ വാഹനത്തിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം തടഞ്ഞതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ഇത് കേന്ദ്രമന്ത്രിയെ മന:പൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർന്നു, രാവിലെ എസ്.പി യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയിരുന്നു. വാഹന വ്യൂഹം തടഞ്ഞ സംഭവത്തിൽ പോലീസ് പിന്നീട് മാപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: