അങ്ങാടിപ്പുറം: ശബരിമല സന്നിധാനത്ത് ആയിരക്കണക്കിന് പോലീസുകാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഭക്തജനവേട്ട അവസാനിപ്പിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സന്നിധാനത്ത് ശരണം വിളിക്കാന്‍ പോലും അനുമതിയില്ലാത്തത് അത്യന്തം ഭീകരമായ അവസ്ഥയാണ്. ശരണം വിളിക്കുന്നവരെ ആട്ടിയോടിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.
അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തില്‍ ആരാധനക്കെത്തിയവരോട് 50 വര്‍ഷം മുമ്പ് ഇഎംഎസ് സ്വീകരിച്ച അതേ നിലപാടാണ് പിണറായി ഇപ്പോള്‍ ശബരിമലയില്‍ സ്വീകരിക്കുന്നത്.
ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ ദേവസ്വം ബോര്‍ഡ് സന്നിധാനത്തിന്റെ നിയന്ത്രണം മുഴുവന്‍ പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ സമരരംഗത്തുള്ള ശബരിമല കര്‍മ്മസമിതിക്ക് പൂര്‍ണ്ണ പിന്തുണ നല്കാന് അങ്ങാടിപ്പുറത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ.എസ്. നാരായണന്, കെ. നാരായണന്‍കുട്ടി, ടി.യു. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: