ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല മഹോത്സവം നാളെ. പുലര്‍ച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നിര്‍മാല്യദര്‍ശനം. 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, ഒന്‍പതിന് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ആധ്യാത്മിക സംഗമം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാല ഉദ്ഘാടനവും, അന്നദാന മണ്ഡപ സമര്‍പ്പണവും ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് നിര്‍വഹിക്കും. തുടര്‍ന്ന് മണിക്കുട്ടന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് രാധാകൃഷ്ണന് നമ്പൂതിരി അടുപ്പിലേക്ക് അഗ്നി പകരും.
പൊങ്കാല വിളംബരത്തിന് തുടക്കം കുറിച്ച് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരുന്ന ദീപം ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ നിലവിളക്കിലേക്ക് പകര്‍ന്നു. കാര്‍ത്തിക സ്തംഭം ഉയര്‍ത്തി. വാഴക്കച്ചി, കവുങ്ങോല, പനയോല, ഇലഞ്ഞിപ്പൂവ്, പടക്കം, ദേവിക്ക് ഒരു വര്‍ഷം ലഭിച്ച ഉടയാടകള്‍ എന്നിവ കെട്ടിയാണ് സ്തംഭം ഉയര്‍ത്തിയത്.
തിന്മയുടെ പ്രതീകമായി കണക്കാക്കുന്ന സ്തംഭം നാളെ വൈകിട്ട് ദീപാരാധനയോടെ അഗ്നിക്ക് ഇരയാക്കും. സ്തംഭം കത്തിയമരുന്നതോടെ നാടിലെ സകല പാപതിന്മകളും രോഗദുരിതങ്ങളും നശിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: