നിലയ്‌ക്കല്‍: ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ പമ്പയിലെത്തി. നിലയ്‌ക്കലില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രി കെഎസ്‌ആര്‍ടിസി ബസിലാണ് പമ്പയിലെത്തിയത്. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പമ്പയിലേയ്‌ക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതകുരുക്കുണ്ടാകുമെന്നും,അതിന് മന്ത്രി ഉത്തരം പറയുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്. ‘ഞാനെന്തിന് ഉത്തരം പറയണം,പറയേണ്ടത് നിങ്ങളുടെ സർക്കാരാണെന്നായിരുന്നു ഇതിന് മന്ത്രി നല്‍കിയ മറുപടി. മറ്റ് വാഹനങ്ങൾ കടത്തിവിടില്ലെങ്കിൽ ആദ്യം ഒരു അറിയിപ്പ് ഇറക്കട്ടെ എല്ലാവരും ഇനി മുതൽ കെഎസ്ആർടിസിയിൽ തന്നെ വരണമെന്ന്,അത് നടക്കുമോ‘ മന്ത്രിയുടെ ചോദ്യം കേട്ട യതീഷ് ചന്ദ്ര ഒടുവിൽ താൻ വാഹനങ്ങൾ കടത്തി വിടാൻ ശ്രമിക്കാമെന്ന് മറുപടി നൽകി.നി ങ്ങളുടെ ശ്രമം ഇവിടെ വേണ്ട, നടത്തിക്കാട്ടുകയാണ് വേണ്ടതെന്ന് പൊൻ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ശബരിമല സർക്കാരിന്റെയോ,ഉദ്യോഗസ്ഥരുടേതോ അല്ലെന്നും ,ഭക്തരുടേതാണെന്ന് മനസ്സില്ലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്നാണ് അദ്ദേഹം കെട്ടുനിറച്ച് ശബരിമല ദർശനത്തിനായി എത്തിയത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രണ്ടു ദിവസങ്ങൾക്ക് മുൻപ് ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു.
ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കൂടാതെ ബിജെപി എംപിമാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവർ കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: