കൊട്ടാരക്കര: പനവേലി ഇരണൂര്‍ കിഴക്ക് 4092-ാംനമ്പര്‍ ദേവീവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിനു മുന്നിലെ കൊടിമരം പിഴുതിട്ടു. സമീപത്തുള്ള ബോര്‍ഡില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അധിക്ഷേപിച്ചുള്ള പോസ്റ്ററും പതിച്ചു. ഇന്നലെ രാവിലെയാണ് സംഭവം ഭാരവാഹികള്‍ അറിയുന്നത്. അവര്‍ യൂണിയന് ഭാരവാഹികളേയും പോലീസിനേയും വിവരമറിയിച്ചു.
കൊട്ടാരക്കര സിഐ ഗോപകുമാര്‍, എസ്ഐ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂണിയന് സെക്രട്ടറി സി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഇരണൂരില്‍ പ്രതിഷേധയോഗവും നാമജപവും സംഘടിപ്പിച്ചു. സംഭവത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് യൂണിയന് പ്രസിഡന്റ് ജി. തങ്കപ്പന്‍പിള്ളയും സെക്രട്ടറി സി. അനില്‍കുമാറും അറിയിച്ചു.
കൊല്ലം ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ചടയമംഗലം താലൂക്ക് യൂണിയനില്‍പ്പെട്ട വാളകം പൊലിക്കോട് ശ്രീമഹാദേവര് വിലാസം കരയോഗമന്ദിരം, പരവൂരിലെ പൂതക്കുളം എന്‍എസ്എസ് കരയോഗമന്ദിരം, കൊട്ടാരക്കരനെടുവത്തൂരില് എന്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം എന്നിവിടങ്ങളിലാണ് നേരത്തെ ആക്രമണം നടന്നത്. ഇതിനു പുറമെ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് കുടശ്ശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടുകയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിരുന്നു. കുടശ്ശനാട് എന്‍എസ്എസ് ഹൈസ്കൂളിലും സമാനമായി കരിങ്കൊടിയുയര്‍ത്തി റീത്ത് വച്ചിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ പാപ്പനംകോട് എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. എന്‍എസ്എസ് ഓഫീസിന്റെ മുകള്‍ നിലയിലെ ഗ്ലാസുകള്‍ തകര്‍ത്തശേഷം അവിടെയും റീത്ത് വച്ചു. ശബരിമലയില്‍ ഇരുമുടികെട്ടുമേന്തിയെത്തിയ ഭക്തരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തി നിലപാട് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരണൂരില്‍ ആക്രമണം നടന്നതെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: