തിരുവനന്തപുരം : ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്സി തൊഴിലാളികള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് ഓട്ടോയുടെ മിനിമം ചാര്‍ജ് 30 ആകും. നിലവില്‍ ഇത് 20 രൂപയാണ്. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതനുസരിച്ച് ടാക്‌സി നിരക്കും ഉയരും.
ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷന്റെ ശുപാര്‍ശ. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.
















