കോഴിക്കോട്: ശബരിമലയില്‍ ജനുവരി 22 വരെ പഴയ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ശബരിമലക്ഷേത്ര സന്നിധാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മാതൃകാപരമായ നിലപാട് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവണം, അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി നേരത്തേ ആവശ്യപ്പെട്ടതാണ്. വൈകിവന്ന ബുദ്ധിയാണെങ്കിലും പ്രതീക്ഷയുണ്ട്. യോഗത്തിലേക്ക് ഹിന്ദുസംഘടനകളെ കൂടി വിളിക്കേണ്ടതായിരുന്നു. സുപ്രീംകോടതി പരമമാണെന്ന നിലപാടു തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. അതോടൊപ്പം വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം. തൃപ്തി ദേശായിയുടെ വരവ് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.
സര്‍വകക്ഷി യോഗ തീരുമാനത്തിനനുസരിച്ച് ഭാവിപരിപാടികള്‍ ആവിഷ്‌കരിക്കും. എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്താകും തീരുമാനം. ഇതിനായി എന്‍ഡിഎ, ബിജെപി കോര്‍ കമ്മിറ്റി യോഗങ്ങള്‍ നടക്കും. ബിജെപി ഇതുവരെ നടത്തിയ ബോധവത്കരണ, പ്രക്ഷോഭ പരിപാടികള്‍ക്ക് അഭൂതപൂര്‍വമായ ജനപിന്തുണയാണുണ്ടായത്. ആര്‍ജവത്തോടെയുള്ള നിലപാട് ബിജെപി മാത്രമാണ് കൈക്കൊണ്ടത്. പ്രക്ഷോഭത്തെ തെറ്റായ വഴിയിലേക്ക് നീങ്ങാതെ നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
















