തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി. പ്രശ്നമുണ്ടാക്കി മുന്നോട്ട് പോകുന്നതിനോട് ദേവസ്വം ബോര്‍ഡിന് താത്പര്യം ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് നാളെ അന്തിമ തീരുമാനം എടുക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാളത്തെ യോഗത്തോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പ്രളയാനന്തര കാലഘട്ടത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് സംഘര്‍ഷമുണ്ടാക്കാതെ ശബരിമല വിഷയത്തില്‍ നിന്നും പിന്തിരിയണം. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. നാളത്തെ സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. ഇപ്പോഴെങ്കിലും യോഗം വിളിച്ചത് നന്നായെന്നും ചെന്നിത്തല പറഞ്ഞു.
സമന്വയത്തിന്റെ പാത ഉണ്ടാക്കാനാണ് നാളത്തെ യോഗത്തെ ഉപയോഗപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
















