തിരുവനന്തപുരം: ഡിവൈഎസ്‌പി ഹരികുമാര്‍ രക്ഷപ്പെട്ട ശേഷം ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിലെന്ന് ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ മൊഴി. ഒരിടത്തും തങ്ങാതെ ധര്‍മ്മസ്ഥല്‍ വരെ യാത്ര ചെയ്തുവെന്നും മൊഴി നല്‍കി. തുടര്‍ച്ചയായ യാത്ര പ്രമേഹരോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നും ബിനു വ്യക്തമാക്കി.
ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കല്ലമ്പലത്തെ വീട്ടിലെത്തുകയായിരുന്നു. ഒളിവില്‍ പോകുന്നതിന് മുമ്പ് അഭിഭാഷകനെ കണ്ടു. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായും ബിനു പറഞ്ഞു. ചൊവ്വാഴ്ച കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരികുമാറിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
കൊലപാതകത്തിന് ശേഷം, ഡിവൈഎസ്‌പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
















