തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോടതി തീരുമാനം മറയാക്കി തലയൂരാന്‍ സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി സര്‍വകക്ഷിയോഗം വിളിക്കാനും നിയമോപദേശം തേടാനും തീരുമാനിച്ചു.
യുവതികളെ തടയരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതോടെ പഴയ വിധിയുടെ അന്തിമ സ്വഭാവം നഷ്ടപ്പെട്ടു. നിലവില്‍ പഴയ ഉത്തരവ് നിലനില്‍ക്കില്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തില്‍ സ്റ്റേ ഇല്ലെന്ന കാരണം പറഞ്ഞ് യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഭക്തജന പ്രതിഷേധം തടുക്കാനാകില്ലെന്ന ധാരണയിലാണ് നിലപാടില്‍ മാറ്റം വരുത്തിയത്.
വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും നിയമ വിദഗ്‌ദ്ധരുമായി ആലോചിച്ച് തീരുമാനിക്കാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പിന്നാലെ സര്‍വകക്ഷി യോഗം ചേരാനും തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്‌ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. സാമുദായിക സംഘടനകളെ അടക്കം പങ്കെടുപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
സപ്തംബര്‍ 28ലെ വിധി നിലനില്‍ക്കില്ലെന്നും 1992 ലെ ഹൈക്കോടതി വിധിയെ നിലനില്‍ക്കൂ എന്നുമാണ് നിയമ മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടും ആലോചിച്ച് തീരുമാനിക്കാം എന്നാണ്. നിയമോപദേശം അനുസരിച്ച് തീരുമാനിക്കുമെന്നും സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞത്. സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.
സപ്തംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് തയാറാകാതെ സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്. ശബരിമല കര്‍മസമിതി, എന്‍എസ്എസ്, തുടങ്ങി സംസ്ഥാനത്തെ മുഴുവന്‍ അയ്യപ്പഭക്തരും സംഘടനകളും നാമജപവുമായി തെരുവിലിറങ്ങി. തുലാമാസപൂജകള്‍ക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്തു. ഭക്തജന പ്രതിഷേധത്തില്‍ അത് പരാജയപ്പെട്ടു. ചിത്തിര ആട്ടവിശേഷത്തിനും യുവതീപ്രവേശനത്തിന് ശ്രമം നടന്നു. അതും ഭക്തജനങ്ങള്‍ തടഞ്ഞു.
നിരവധി ഭക്തര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഭക്തജന പ്രതിഷേധം രൂക്ഷമായി. സിപിഎമ്മിനുള്ളില്‍ പോലും പ്രതിഷേധം ഉയര്‍ന്നു. എന്നിട്ടും മാറ്റം വരുത്താതിരുന്ന നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ അയവ് വരുത്തുന്നത്.
















