ചെറുപുഴ: അറിവിന്റെ അക്ഷയഖനിയാണ് ഭാരതത്തിന്റെ ആയുര്‍വേദ, പാരമ്പര്യ വൈദ്യചികിത്സാരംഗം പശ്ചാത്യരായ ഒട്ടേറെ ഗവേഷകര്‍ ഇന്നും നമ്മുടെ ഒറ്റമൂലികളെയും പച്ചമരുന്നുകളെയും കുറിച്ച് ഗവേഷണം നടത്തുമ്പോള്‍ മലയോര വനാതിര്‍ത്തിയില്‍ രോഗികള്‍ക്ക് രക്ഷകനാവുകയാണ് മാധവന് എന്ന ചെറിയ മനുഷ്യന്.
വൈദ്യശാസ്ത്ര രംഗത്ത് ശാസ്ത്രം തോറ്റിടത്ത് രോഗികള്‍ക്ക് പുതുജീവന്‍ നല്കി പേരെടുക്കുകയാണ് കാസറഗോഡ് ജില്ലയില്‍ പരപ്പയ്ക്കടുത്ത് ബാണത്തെ മാധവന് എന്ന ഈ അന്പതുകാരന്. പൂര്‍വ്വികര്‍ പകര്‍ന്നുനല്‍കിയ ഒറ്റമൂലി മരുന്ന് കൊണ്ട് ഇദ്ദേഹം പുനര്ജന്മം നല്‍കിയവരുടെ എണ്ണം ധാരാളമാണ്. കാന്‍സര്‍ ഒഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ഇദ്ദേഹം പച്ചമരുന്ന് നല്കി വരുന്നു. മരുന്ന് ഉപയോഗിച്ചവര്‍ക്കെല്ലാം രോഗശമനം ലഭിച്ചിട്ടുമുണ്ട്. വൃക്ക തകരാറിലായവരും കരള്‍ രോഗികളും ശ്വാസതടസമുള്ളവരെയും മൂലക്കുരു രോഗികളെയും ഇദ്ദേഹം ചികില്‍സിച്ചു ഭേദമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത രോഗി വന്ന് പരിശോധിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ പറമ്പില്‍ നിന്ന് പച്ചമരുന്ന് പറിച്ചു നല്‍കുകയാണ് എന്നതാണ്. എണ്ണ കാച്ചണമെങ്കില്‍ അപ്പോള്‍ത്തന്നെ ഉണ്ടാക്കിനല്‍കും. ആരോടും കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങുന്ന ശീലം ഇദ്ദേഹത്തിനില്ല.
ബിരിക്കുളം വനാതിര്‍ത്തിയോടു ചേര്‍ന്ന കൊച്ചു വീട്ടിലേക്ക് കാല്‍നടയാത്രയ്ക്കുള്ള വഴിയേ ഉള്ളൂ. നടന്നുവരാന്‍ പറ്റാത്ത രോഗികളെ രാത്രികാലങ്ങളില്‍ വീട്ടില്‍പോയി നോക്കി ചികിത്സ നല്‍കാറുണ്ട് ഇദ്ദേഹം. തീരെ കിടപ്പിലായ പലരെയും ഇതിലൂടെത്തന്നെ ഇദ്ദേഹം പുനര്‍ ജ്ജീവിപ്പിച്ചിട്ടുണ്ട്. വന്ധ്യതയ്ക്കുള്ള ഇദ്ദേഹത്തിന്റെ ചികിത്സ ഏറെ ഫലവത്താണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടു മക്കളുടെ പിതാവായ വൈദ്യരെ സഹായിക്കുന്നത് ഭാര്യ രാധയും മകന് മനുവും മനുവിന്റെ ഭാര്യ ശാരികയുമാണ്.
ശാസ്ത്രം പാരാജയപ്പെട്ടിടത്തും ആയുസ്സ് തീരുമാനിക്കുന്നത് ദൈവമാണെന്ന ചൊല്ല് ചിലര്‍ക്ക് മാധവന് വൈദ്യരിലൂടെ യാഥാര്‍ഥ്യമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ വൈദ്യരുടെയും ഒപ്പം പച്ചമരുന്നുകളുടെ സിദ്ധിയറിഞ്ഞ് നാടിന്റെ നാനാഭാഗത്തും നിന്നും നൂറുകണക്കിനാളുകളാണ് വൈദ്യരെ തേടിയെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: