തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് ടീച്ചര്‍ എജ്യൂക്കേഷന്റെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു. തന്നെയും ഭര്‍ത്താവ് ജി.സുധാകരനെയും അപമാനിക്കാന്‍ സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ജൂബിലി പറഞ്ഞു.
കഴിഞ്ഞ സര്‍വകലാശാലാ ബജറ്റില്‍ മാനേജ്മെന്റ്, എജ്യുക്കേഷന്‍, ടെക്നോളജി സ്വാശ്രയ വിഭാഗങ്ങള്‍ ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള കമ്മിറ്റി ചേര്‍ന്ന് ബജറ്റ് തീരുമാനം നടപ്പാക്കണമെന്ന് സിന്‍ഡിക്കറ്റിനോട് ശുപാര്‍ശചെയ്തു. തുടര്‍ന്നായിരുന്നു നിയമനം. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, വകുപ്പു മേധാവി തസ്തികകളില്‍നിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്ന് മാനദണ്ഡം നിശ്ചയിച്ചു. സര്‍വകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിന്‍സിപ്പാള്‍, വകുപ്പു മേധാവി എന്നീ പദവികളില്ല. അതിനാല്‍ ആലപ്പുഴ എസ്ഡി കോളജില്‍ വൈസ് പ്രിന്‍സിപ്പാളും കൊമേഴ്സ് അധ്യാപികയുമായ ജൂബിലി നവപ്രഭ ഉള്‍പ്പെടെ എട്ടുപേരാണ് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്.
മാനേജ്മെന്റ്, എജ്യുക്കേഷന്‍, ടെക്നോളജി വിഭാഗങ്ങളെ നയിക്കാന്‍ കൊമേഴ്സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ച് ആദ്യമേ ആരോപണം ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ക്കു സര്‍വകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് അഭിമുഖത്തിലൂടെ നിയമിക്കുകയായിരുന്നു.
രാജിക്കത്ത് വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും മെയില്‍ ചെയ്തിട്ടുണ്ടെന്ന് ജൂബിലി നവപ്രഭ പറഞ്ഞു. നിയമനം ലഭിച്ചപ്പോള്‍ യോഗ്യതയില്ലെന്ന ആരോപണം ഉയര്‍ന്നു. തനിക്കു സ്ഥിരനിയമനം നല്‍കാനും ശമ്പളം വര്‍ധിപ്പിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചുവെന്ന് ഇപ്പോള്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തിലാണു താന്‍ ജോലി ചെയ്യുന്നത്. ആറുമാസമേ ആയിട്ടുള്ളൂ. കരാര്‍ കാലാവധി അവസാനിക്കാതെ തന്നെ സ്ഥിരപ്പെടുത്താനാവില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തീരുമാനം എടുത്തതാരാണെന്നു വെളിപ്പെടുത്തണമെന്നു സര്‍വകലാശാലയ്ക്ക് അയച്ച രാജിക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മതിയായ യോഗ്യതയില്ലാതെയാണു തനിക്കു നിയമനം തന്നതെങ്കില്‍ സര്‍വകലാശാല അധികൃതരാണു മറുപടി നല്‍കേണ്ടത്. സുധാകരനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ധര്മപത്നിയാണെന്നും അതിനാല്‍ ഡയറക്ടര്‍ സ്ഥാനം താന്‍ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നതായും അവര്‍ അറിയിച്ചു.
അതേസമയം മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തില്‍ ഭാര്യയുടെ നിയമനം തനിക്കെതിരെ തിരിയുമെന്ന ഭയത്തിലാണ് ഭാര്യയെക്കൊണ്ട് മന്ത്രി രാജിവയ്പിച്ചതെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: